വാഴയൂർ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യചരിത്രം ചേരരാജാക്കന്മാരുടെ കാലത്തുപോലും രാജഭരണത്തിന്റെ അധികാരസവിശേഷതകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത ജനങ്ങളാണ് ഇവിടുത്തെ പൂര്‍വ്വികര്‍. അഴിഞ്ഞിലം, കാരാട്, ചെറുകാവ് ഗ്രാമങ്ങളാണ് പണ്ടുണ്ടായിരുന്നത്. വാഴയൂര്‍ നിലവില്‍ വന്നത് പിന്നീടാണ്. നാട്ടുകൂട്ടങ്ങളുടെ അധികാരശക്തിക്കായിരുന്നു അക്കാലത്തു സ്വാധീനമുണ്ടായിരുന്നത്. പിന്നീട് ഭരണം നടത്തിവന്നത് നമ്പൂതിരിമാരായിരുന്നു. ഇവര്‍ ഗ്രാമങ്ങളെ ദേശങ്ങളായും, ദേശങ്ങളെ നാട്ടുകൂട്ടങ്ങളായും വിഭജിച്ചാണ് ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത്. സാമൂതിരി രാജാവിന്റെ, നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്ന രാമനാട്ടിലാണ് ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. വാഴയൂരിന് വള്ളുവനാടുമായിട്ടല്ല, കോഴിക്കോടുമായിട്ടായിരുന്നു ബന്ധം. വാഴകൃഷിയുടെ ഊരെന്നാണ് വാഴയൂരിന്റെ പിന്നിലുള്ള സ്ഥലനാമചരിത്രം. സാമൂതിരി നേരിട്ടു ഭരിച്ചിരുന്നതിനാല്‍ ഇവിടെ നാടുവാഴി ഉണ്ടായിരുന്നില്ല. ക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന യഹൂദരാജാവായ സോളമന്റെ കപ്പലുകളില്‍, ബേപ്പൂരില്‍ നിന്ന് ഈജിപ്തിലേക്ക് കയറ്റി അയച്ചിരുന്ന അമൂല്യവസ്തുക്കളില്‍ വാഴയൂരില്‍ നിന്നുള്ള കുരങ്ങുകളും മയിലുകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ചരിത്രം സൂചനകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം പുരാതനകാലം മുതല്‍ തന്നെ ഈ പ്രദേശം വാണിജ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയ്ക്കു പ്രസിദ്ധമായിരുന്നു. ആധുനികകാലം എത്തുന്നതുവരെ, ഉല്‍പന്നങ്ങള്‍ മാങ്കാവുവരെ തോണിയില്‍ കൊണ്ടുപോയി കയറ്റുമതി ചെയ്യുന്നതും പതിവായിരുന്നു. കല്ലായിയിലേക്കാണ് ഇവിടെ നിന്നും മരത്തടികള്‍ കൊണ്ടുപോയിരുന്നത്. വാഴയൂരിലെയും ആദ്യകാലങ്ങളിലെ സാമൂഹ്യവ്യവസ്ഥിതി ജന്മി-കുടിയാന്‍ ബന്ധത്തിലധിഷ്ഠിതമായിരുന്നു. ഒടിഞ്ഞിലും, എള്ളാത്തുമായിരുന്നു ഇവിടുത്തെ ഭൂസ്വത്തുക്കള്‍ കൈയ്യടക്കി വച്ചിരുന്ന രണ്ട് അധികാരികുടുംബങ്ങള്‍. അവര്‍ അടിയാളര്‍ക്ക് കൃഷി ചെയ്യാന്‍ നെല്‍പ്പാടങ്ങള്‍ പാട്ടവ്യവസ്ഥയില്‍ കൊടുത്തിരുന്നു. ജലസമൃദ്ധമായ കുന്നിന്‍ചെരിവുകളും നെല്‍വയലുകളും മുഴുവന്‍ ഇവിടുത്തെ കര്‍ഷകര്‍ കൃഷിക്കുപയുക്തമാക്കിയിരുന്നു. കുട്ടികളെ എഴുത്തുപള്ളിക്കൂടങ്ങളില്‍ അയച്ചാണ് പഴയകാലത്ത് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. അവിടെയാകട്ടെ, എഴുത്തച്ഛന്മാര്‍ മാത്രമല്ല, എഴുത്തമ്മമാരുമുണ്ടായിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്കുള്ള എഴുത്തുപള്ളിക്കൂടങ്ങള്‍ വേറെയായിരുന്നു. സ്ഥലത്തെ പ്രധാന പാരമ്പര്യ വൈദ്യന്മാരായിരുന്നു, ഇമ്പിച്ചിവൈദ്യര്‍, ചാരവൈദ്യര്‍, കോമുക്കുട്ടി വൈദ്യര്‍, കുഞ്ഞോയി വൈദ്യര്‍ തുടങ്ങിയവര്‍. ആദ്യത്തെ ആയുര്‍വേദ ഡിഗ്രി നേടിയത് ടി.പി.വാസുവൈദ്യരായിരുന്നു. ഈ നാട്ടിലെ വിഷഹാരികളായ കൊടക്കല്ലിന്മേല്‍ നാരായണന്‍, എം.വി.മുഹമ്മദുമാസ്റ്റര്‍ എന്നിവരുടെയടുക്കല്‍ വിദൂരദേശങ്ങളില്‍ നിന്നുപോലും രോഗികളെത്താറുണ്ടായിരുന്നു. വായനശാലാപ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവും ഇവിടെ പണ്ടേ ശക്തമായിരുന്നു. 1921-ലെ മലബാര്‍ കലാപത്തിലും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലും ഇവിടെ നിന്നുള്ള ഒട്ടേറെ വ്യക്തികള്‍ പങ്കെടുത്തിട്ടുണ്ട്. 1921-ലെ പ്രക്ഷോഭത്തില്‍ ബ്രിട്ടീഷ് പട്ടാളം, കലാപകാരികളെ നേരിടാന്‍ തിരുത്തിയാട്, കക്കോവ്, വാഴയൂര്‍ പ്രദേശങ്ങളില്‍ വന്നിട്ടുണ്ട്. പെരിങ്ങാവു വഴി വന്ന പട്ടാളക്കാര്‍, കൊട്ടുപാടത്തെ കൊടക്കാട് തറവാട് തീ വെക്കുകയും കുടംബനാഥനടക്കം നാലുപേരെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയുമുണ്ടായി. പൊന്നമ്പാടത്ത് കാണുന്ന കൊല്ലേരിത്തൊടി വീട് ലഹളകാലത്ത് തീയിട്ടതിനുള്ള നഷ്ടപരിഹാരമായി, പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ 100 രൂപ ഉപയോഗിച്ച് പണിതതാണ്. ഹൈദരാലി, ടിപ്പു എന്നിവരുടെ ആധിപത്യകാലത്ത് അവരുടെ സൈന്യാധിപന്മാര്‍ ഇടയ്ക്കിടെ, കാരാടിലുണ്ടായിരുന്ന കളരിയിലേക്കു വരുമായിരുന്നു. ജാതി നോക്കാതെ എല്ലാ ചെറുപ്പക്കാര്‍ക്കും ഇവിടെ കളരിവിദ്യ പഠിപ്പിച്ചിരുന്നു. പുളിയറയിലും ഒരു കളരി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 1930-ലെ ഉപ്പു സത്യാഗ്രഹത്തോടനുബന്ധിച്ച്, കാരാടില്‍ ദേശീയപതാക ഉയര്‍ത്തലും പ്രതിജ്ഞയെടുക്കലും നടന്നിട്ടുണ്ട്. ദേശീയ നേതാക്കളില്‍ പലരും മതസൌഹാര്‍ദ്ദപ്രചരണാര്‍ത്ഥം വാഴയൂരില്‍ തങ്ങിയിട്ടുണ്ട്. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ച നിരവധി വ്യക്തികള്‍ ആദ്യകാലം മുതല്‍ തന്നെ ഇവിടെ ഉണ്ടായിരുന്നു. 1957-ലെ ഭൂപരിഷ്കരണനിയമം നടപ്പായതോടെയാണ്, അതുവരെ ഭൂമി ഇല്ലാതിരുന്ന കുടികിടപ്പുകാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സ്വന്തമായി ഭൂമി ലഭിച്ചതും ജന്മിത്വം അവസാനിക്കപ്പെട്ടതും. ഇവിടെയുണ്ടായിരുന്ന ജന്മി-കുടിയാന്‍ ബന്ധത്തെയും, സവര്‍ണ്ണജാതി മേല്‍ക്കോയ്മയേയും സൌഹാര്‍ദ്ദപരമായിരുന്നുവെന്ന് ചില കേന്ദ്രങ്ങള്‍ വിലയിരുത്തി കാണുന്നുണ്ട്. കേരളത്തിലെ ഊര്‍ജ്ജവിപ്ളവത്തില്‍ വഴിത്തിരിവായ പരിഷത്ത് അടുപ്പിന്റെ ഉത്ഭവം വാഴയൂരില്‍ നിന്നാണ്. വാഴയൂരിലെ വിവിധ വീടുകളില്‍ പരീക്ഷണം നടത്തി രൂപം നല്‍കിയതാണ് ദക്ഷത കൂടിയ പ്രസ്തുത വിറകടുപ്പ്. 1985 ഫെബ്രുവരി 17 മുതല്‍ ശാസ്ത്രസാഹിത്യപരിഷത്തും കൊണ്ടോട്ടി ബ്ളോക്കും ചേര്‍ന്ന് പാറമ്മല്‍ ബാലവാടിയില്‍ നടത്തിയ പരിഷത്ത് അടുപ്പ് നിര്‍മ്മാണ കളരിയോടെയാണ് ഇവിടെ ദക്ഷത കൂടിയ അടുപ്പ് വ്യാപിച്ചത്. പഞ്ചായത്തിലെ വ്യവസായരംഗത്ത് കാരാടിലെ ആധുനിക വ്യവസായമായ ഫറോക്ക് പ്ളൈവുഡും രണ്ട് അനുബന്ധ വ്യവസായ യൂണിറ്റുകളും, ഇഷ്ടിക നിര്‍മ്മാണ കമ്പനികളും, പ്ളൈവുഡ്, സ്റ്റോണ്‍ ക്രഷര്‍, ഈര്‍ച്ചമില്‍ തുടങ്ങിയ ചെറുകിട വ്യവസായ യൂണിറ്റുകളുമാണ് നിലവിലുള്ളത്. കുട്ട മെടച്ചില്‍, പനമ്പു നെയത്ത്, പായനെയ്ത്ത്, മണ്‍പാത്രനിര്‍മ്മാണം എന്നീ പരമ്പരാഗതതൊഴിലാളികളും കൈത്തൊഴില്‍കാരും പഞ്ചായത്തിലുണ്ട്. ബ്ലാക്ക്ബോര്‍ഡ്, ചെക്ക്ബോര്‍ഡ്, പ്ളൈവുഡ് വാട്ടര്‍ പ്രൂഫ് ഡോര്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ കേരളത്തില്‍ രണ്ടാം സ്ഥാനത്തുള്ള സ്വകാര്യ സ്ഥാപനമായ ഫറോക്ക് പ്ളൈവുഡ്സിലാണ് ഭൂരിഭാഗം തൊഴിലാളികളും ജോലി ചെയ്യുന്നത്. സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റുകള്‍, ഫര്‍ണിച്ചര്‍ നിര്‍മ്മാണം, ഫ്ളോര്‍മില്‍, മെറ്റല്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ വേറെയുമുണ്ട്. 1981-ല്‍ അഴിഞ്ഞിലത്ത് ആദ്യമായി വൈദ്യുതി എത്തിയതോടെ, വ്യാവസായികഭൂപടത്തില്‍ സ്ഥാനമില്ലാതിരുന്ന വാഴയൂരില്‍ ക്രമേണ ചെറുകിട വ്യവസായങ്ങള്‍ വന്നുതുടങ്ങി. 1976-ല്‍ ബസ് സര്‍വ്വീസ് കാരാടിലേക്ക് ആരംഭിക്കുന്നതുവരെ തോണിയും ബോട്ടും കാല്‍നടയുമായിരുന്നു ആശ്രയം. വാഴയൂര്‍ പഞ്ചായത്തില്‍ ആദ്യമായി സര്‍വ്വീസ് നടത്തിയ ബസ് ഫൈസല്‍ ആണ്. അത് ആനക്കുണ്ടുങ്ങള്‍ തൊടിയില്‍ നിര്‍ത്തി, അറപ്പുഴ ബോട്ട് ജെട്ടിയിലേക്ക് വന്നപ്പോള്‍ സ്റ്റോപ്പിനുണ്ടായ പേരാണ് ആനക്കുണ്ട്. ഫറോക്ക്-ചെറുവണ്ണൂര്‍ ഓടുവ്യവസായകേന്ദ്രം പുഷ്ടിപ്പെട്ടതോടെയാണ് തൊഴിലാളികള്‍ക്ക് നന്നെ രാവിലെയുള്ള യാത്ര അനിവാര്യമായതും റോഡും ബസ് ഗതാഗതവും പ്രഥമ അജണ്ടയായതും. പഞ്ചായത്തിലെ പ്രധാന ചികിത്സാ കേന്ദ്രം വാഴയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററാണ്. പുതുക്കോട് ആലുങ്ങല്‍, തിരുത്തിയോട് കേന്ദ്രങ്ങളിലായി 4 ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറി പ്രവര്‍ത്തിക്കുന്നത് വാഴയൂരിലാണ്. 1905-ല്‍ കാരാടില്‍ ആരംഭിച്ച ഗേള്‍സ് സ്കൂള്‍ 1911-ല്‍ അഴിഞ്ഞിലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഇതാണ് ഗ്രാമത്തില്‍ ആദ്യമായി ആരംഭിച്ച വിദ്യാലയം. എസ്.ഇ.കുട്ടന്‍ പണിക്കര്‍ കാരാടില്‍ ആരംഭിച്ച ബോര്‍ഡ് സ്കൂള്‍ 1925 ഒക്ടോബര്‍ 20-ന് മാറ്റി സ്ഥാപിച്ചതാണ്, അഴിഞ്ഞിലം എ.യു.പി.സ്കൂള്‍. കുശവക്കുട്ടികള്‍ക്കായി ആരംഭിച്ചതാണ് പാറമ്മല്‍ സ്കൂള്‍. വായനശാലകള്‍ കേന്ദ്രീകരിച്ച് കുറെക്കാലം നിശാപാഠശാലകള്‍ നടന്നു. 11 വിദ്യാലയങ്ങളുള്ള പഞ്ചായത്തില്‍ രണ്ട് സ്കൂളുകള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. സാംസ്കാരികചരിത്രം തെരുവുനാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച “ഓഫീസ് നാടകം” ഗ്രാമാസൂത്രണ സര്‍വ്വെകാലത്ത് വാഴയൂരില്‍ രൂപം കൊണ്ടതാണ്. ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ പ്രസംഗിച്ചു കേള്‍പ്പിക്കുന്നതിനു പകരം സദസ്യരെന്നാ, സ്റ്റേജിലിരിക്കുന്നവരെന്നാ വ്യത്യാസമില്ലാതെ അന്യോന്യം ആശയം കൈമാറുന്ന സംവാദശൈലിയും വാഴയൂരിന്റെ സംഭാവനയാണ്. വിഭവഭൂപടനിര്‍മ്മാണത്തിന്റെ ഉത്ഭവം വാഴയൂരില്‍ നിന്നാണെന്ന് കല്യാശ്ശേരി രേഖയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വാഴയൂരിലെ വികസനപ്രശ്നങ്ങള്‍ ഒരു കാലത്ത് കൈകാര്യം ചെയ്തിരുന്നത് വായനശാലകളായിരുന്നു. വായനശാലകള്‍ സംഘടിപ്പിക്കുന്ന കര്‍മ്മപ്രവര്‍ത്തനത്തിലൂടെയും കയ്യെഴുത്തു മാസികകളിലൂടെയും നിരവധി ചെറുപ്പക്കാര്‍ സാമൂഹ്യസാംസ്കാരിക രംഗത്ത് ഉദയം ചെയ്തു. സാക്ഷരതാരംഗത്തും പഞ്ചായത്തിന്റെ മൊത്തം വികസനപ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കേരള ഗ്രന്ഥശാലാ സംഘത്തിനും വാഴയൂരിലെ വായനശാലകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആദ്യകാല ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍ പരേതനായ പുന്നത്ത് ഉണ്ണീരിമാസ്റ്ററുടെ സേവനം എക്കാലത്തും സ്മരണീയമാണ്. പഞ്ചായത്തിലാകെ ഗ്രന്ഥശാലാ സംഘത്തില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള പത്തു വായനശാലകളാണുളളത്. സാക്ഷരത, വികസനം, നാടകം, ബാലവേദി, സ്പോര്‍ട്സ്, കയ്യെഴുത്തുമാസിക, അധ്വാന സമാഹരണം തുടങ്ങിയ രംഗങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വായനശാലകള്‍ നേതൃത്വം നല്‍കുന്നു. പഞ്ചായത്തിലെ ജനസംഖ്യയില്‍ 62.29 ശതമാനം ഹിന്ദുക്കളും, 37.18 ശതമാനം മുസ്ളീങ്ങളുമാണ്. ഓരോ സമുദായത്തിന്റേയും തനതായ ആചാരാനുഷ്ഠാനങ്ങള്‍ നിലനിന്നുപോരുന്നുണ്ട്. വാഴയൂരിന്റെ സാംസ്കാരികചരിത്രത്തില്‍ ക്ഷേത്രങ്ങള്‍ക്കും, പ്രതിഷ്ഠകള്‍ക്കും, പള്ളികള്‍ക്കും, പഴയ എഴുത്തുപള്ളിക്കൂടങ്ങള്‍ക്കും സുപ്രധാനമായ സ്ഥാനമുണ്ട്. ക്ഷേത്രോത്സവങ്ങളുമായി മുസ്ളീങ്ങളും, പള്ളിനേര്‍ച്ചകളുമായി ഹിന്ദുക്കളും പരസ്പരസഹകരണബന്ധം പുലര്‍ത്തി വരുന്നതു കാണാം. അഴിഞ്ഞിലം തളിക്ഷേത്രത്തിന് 2700 വര്‍ഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. ചതുര്‍ബാഹു പ്രതിഷ്ഠയാണിവിടെ. വലിയ കരിങ്കല്ലുകളില്‍ കൊത്തുപണികളോടു കൂടിയതാണ് പുതുക്കോട്ടെ ശങ്കരനാരായണന്‍ ക്ഷേത്രം. വാഴയൂരില്‍ 29 കാവുകളും 22 ക്ഷേത്രങ്ങളുമുണ്ട്. സര്‍പ്പക്കാവുകള്‍ 15 എണ്ണമാണുള്ളത്. കക്കോവിലെ പള്ളി 1916-ല്‍ പണിതതാണ്. മണക്കടവില്‍ എല്ലാവരും ഉപയോഗിച്ചിരുന്ന ഒരു വഹാബി വായനശാലയുണ്ടായിരുന്നു. മണക്കടവില്‍ സ്രാമ്പ്യ നിര്‍മ്മിച്ചത് പരീക്കുട്ടി അധികാരിയായിരുന്നു. അഴിഞ്ഞിലം പള്ളി കോട്ടുമ്മല്‍ കുഞ്ഞു നിര്‍മ്മിച്ചതാണ്. പാറമ്മല്‍ കുളിക്കാവ് ഒരു ഹരിജനക്ഷേത്രമാണ്. കരിവില്ലിയാണ് ഇവിടുത്തെ പ്രതിഷ്ഠ. മുസ്ളീങ്ങളുടെ കോല്‍ക്കളി, ഹരിജനങ്ങളുടെ കാളക്കളിയും, വട്ടക്കളിയും, നായന്മാരുടെ തിരുവാതിരക്കളി, പുള്ളുവന്മാരുടെ അരിപ്പാറപ്പാട്ട് എന്നിവയൊക്കെ പഴയകാലത്ത് ഇവിടെ സജീവമായി നിലനിന്നിരുന്ന പാരമ്പര്യകലകളാണ്. ദശകങ്ങള്‍ക്കു മുമ്പ്, അപ്പുനായര്‍ എന്നൊരു കലാകാരന്റെ നേതൃത്വത്തില്‍ ഒരു നാടകസംഘവും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പാലാശ്ശേരി നമ്പൂരിമാരില്‍ ഒരു കഥകളിയാട്ടക്കാരന്‍ പദങ്ങള്‍ തിരിഞ്ഞുചെല്ലിയാടിയെന്നും അതുകൊണ്ട് തിരിഞ്ഞാട്ടക്കാരുടെ നാട് എന്ന അര്‍ത്ഥത്തില്‍ സ്ഥലനാമം കൈവന്ന പ്രദേശമാണ് “തിരുത്തിയാട്” എന്ന് പറയപ്പെടുന്നു. തിരുത്തിയാട്ടെ കല്ലില്‍പറമ്പ്, തൃക്കോവിലമ്പലപ്പറമ്പ് എന്നിവിടങ്ങളില്‍ കുഴിക്കുമ്പോള്‍ അടിയില്‍ മണല്‍ കാണപ്പെടുന്നതിനാല്‍ പുരാതനകാലത്ത് അതുവഴി പുഴ ഒഴുകിയെന്നും ഈ സ്ഥലങ്ങള്‍ ഒറ്റപ്പെട്ട തിരുത്തികള്‍ ആയിരുന്നുവെന്നും അനുമാനമുണ്ട്. കാരകളിയുമായി ബന്ധപ്പെട്ടാണ് കാരാട് എന്ന സ്ഥലത്തിന് ആ പേരുണ്ടായതെന്നും ഈ ഭാഗത്തെ തെയ്യംകെട്ടല്‍, ചെണ്ടമേളം എന്നിവയില്‍ കാരകളി എന്നാരു ശൈലിതന്നെ ഉണ്ടായിരുന്നുവെന്നും കാരാടിനെ സംബന്ധിക്കുന്ന സ്ഥലനാമവിവരണങ്ങളില്‍ കാണുന്നുണ്ട്. 1954-ല്‍ സ്ഥാപിതമായ കാരാട് കലാസമിതിയാണ് പഞ്ചായത്തിലെ ആദ്യസാംസ്കാരികസ്ഥാപനം