ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍, കൊണ്ടോട്ടി ബ്ളോക്കിലാണ് വാഴയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വാഴയൂര്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന വാഴയൂര്‍ ഗ്രാമപഞ്ചായത്തിനു 21.19 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ കിഴക്ക് വാഴക്കാട്, പുളിക്കല്‍, ചെറുകാവ് പഞ്ചായത്തുകള്‍, പടിഞ്ഞാറ് കോഴിക്കോട് ജില്ലയിലെ  ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകള്‍, തെക്ക് ചെറുകാവ് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര പഞ്ചായത്ത്, വടക്ക് വാഴക്കാട് പഞ്ചായത്ത്, കോഴിക്കോട് ജില്ലയിലെ പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകള്‍ എന്നിവയാണ്. 1977 ഡിസംബറിലാണ് ചെറുകാവ് പഞ്ചായത്ത് വിഭജിച്ചുകൊണ്ട്, വാഴയൂര്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. ഉയര്‍ന്ന മലനിരകള്‍ക്കു താഴെയുള്ള മധ്യഭാഗത്തെ ചെരിവുപ്രദേശങ്ങളിലും താഴ്വാരങ്ങളിലുമാണ് ജനവാസമേഖല വ്യാപിച്ചുകിടക്കുന്നത്. ചേര രാജാക്കന്മാരുടെ കാലത്തുപോലും രാജഭരണത്തിന്റെ അധികാരസവിശേഷതകള്‍ അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത ജനങ്ങളാണ് ഇവിടുത്തെ പൂര്‍വ്വികര്‍. അഴിഞ്ഞിലം, കാരാട്, ചെറുകാവ് ഗ്രാമങ്ങളാണ് പണ്ടുണ്ടായിരുന്നത്. വാഴയൂര്‍ നിലവില്‍ വന്നത് പിന്നീടാണ്. നാട്ടുകൂട്ടങ്ങളുടെ അധികാരശക്തിക്കായിരുന്നു അക്കാലത്തു സ്വാധീനമുണ്ടായിരുന്നത്. പിന്നീട് ഭരണം നടത്തിവന്നത് നമ്പൂതിരിമാരായിരുന്നു. ഇവര്‍ ഗ്രാമങ്ങളെ ദേശങ്ങളായും, ദേശങ്ങളെ നാട്ടുകൂട്ടങ്ങളായും വിഭജിച്ചാണ് ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത്. സാമൂതിരി രാജാവിന്റെ, നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്ന രാമനാട്ടിലാണ് ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നത്. വാഴയൂരിന് വള്ളുവനാടുമായിട്ടല്ല, കോഴിക്കോടുമായിട്ടായിരുന്നു ബന്ധം. വാഴകൃഷിയുടെ ഊരെന്നാണ് വാഴയൂരിന്റെ പിന്നിലുള്ള സ്ഥലനാമചരിത്രം. സാമൂതിരി നേരിട്ടു ഭരിച്ചിരുന്നതിനാല്‍ ഇവിടെ നാടുവാഴി ഉണ്ടായിരുന്നില്ല. ക്രിസ്തു ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന യഹൂദരാജാവായ സോളമന്റെ കപ്പലുകളില്‍, ബേപ്പൂരില്‍ നിന്ന് ഈജിപ്തിലേക്ക് കയറ്റി അയച്ചിരുന്ന അമൂല്യവസ്തുക്കളില്‍ വാഴയൂരില്‍ നിന്നുള്ള കുരങ്ങുകളും മയിലുകളും ഉള്‍പ്പെട്ടിരുന്നുവെന്ന് ചരിത്രം സൂചനകള്‍ നല്‍കുന്നുണ്ട്.